ചരിത്രം

ഏകദേശം 200 വർഷത്തിൽ അധികം പഴക്കമുള്ള ഗുരുതി പൂജക്ക് കേൾവികേട്ട ക്ഷേത്രമാണ് എടയാറ്റ് ചൊവ്വാ ഭഗവതി ക്ഷേത്രം. എടയാറ്റ് കുടുംബ ട്രസ്റ്റിൻ്റെ കീഴിലാണ് ഇന്ന് ഈ ക്ഷേത്രം ഉള്ളത്.

മേടമാസത്തിലെ അനിഴം നക്ഷത്രമാണ് ദേവിയുടെ പ്രതിഷ്ഠാ ദിനം. അന്നേ ദിവസം അർദ്ധരാത്രിക്ക് നടക്കുന്ന വലിയ ഗുരുതി കണ്ട് തൊഴുതാൽ അഭീഷ്ട കാര്യം നടക്കുമെന്ന് പറയപ്പെടുന്നു. മൂന്നുദിവസത്തെ ഉത്സവമാണ് അമ്മയുടെ ജന്മദിനത്തോട് അനുബന്ധിച്ചു നടത്തുന്നത്. മൂന്നാം ദിവസം ആണ് വലിയ ഗുരുതി നടത്തുന്നത്. അഭീഷ്ടവരസിദ്ധിക്കായി ഭക്തർ നടത്തുന്ന വഴിപാടാണ് വലിയ ഗുരുതി. അമ്പലത്തിൻ്റെ തെക്ക് ഭാഗത്തു തനിയെ മുളച്ചുവന്ന ഒരു പാലയുടെ ചുവട്ടിൽ വച്ചാണ് വലിയ ഗുരുതി നടത്തുന്നത്.

കുടുംബ ഐശ്വര്യത്തിനും കാര്യസിദ്ധികൾക്കുമാണ് വലിയ ഗുരുതി നടത്തിവരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ക്ഷേത്രത്തിൽ ഉഗ്രമൂർത്തിയായ ചൊവ്വാ ഭഗവതിയുടെ ശാന്തസ്വരൂപിണി ഭാവമാണ് പ്രതിഷ്ഠ. തെക്കോട്ട് ഗുരുതി ആയതിനാൽ ഉഗ്രരൂപിണിയാണ് അമ്മ. അറിഞ്ഞ് പ്രാർത്ഥന നടത്തുന്ന ഭക്തരെ ദേവി കൈവിടാതെ കാക്കുന്നു. അഭീഷ്ടവരപ്രസാദിനിയും ക്ഷിപ്രകോപിയുമാണ് ദേവി. ആശ്രിതർക്ക് ദേവി എന്നും ഒരു തണലായി കൂടെ നിൽക്കുന്നു. എടയാറ്റ് കുടുംബാംഗങ്ങളെ മാത്രമല്ല അമ്മയെ തൊഴുത് പ്രാർത്ഥിക്കുന്ന എല്ലാ ഭക്തരേയും ദേവി കാത്തുരക്ഷിക്കുന്നു എന്നതിന് നിരവധി ഉദാഹരണങ്ങളും അനുഭവ സാക്ഷ്യങ്ങളും ഉണ്ട്.

ക്ഷേത്രത്തിൽ ഉപദേവതകൾ ആയി കാരണവരും, ബ്രഹ്മരക്ഷസും ക്ഷേത്രത്തിന് പുറത്ത് നാടിയും ഉണ്ട്. വലിയ ഗുരുതിക്ക് ഏഴ് ദിവസം മുന്നേ എങ്കിലും നാടിക്ക് ഗുരുതി നടത്തുന്നു. വലിയ ഗുരുതി കഴിഞ്ഞ് ദേവിയുടെ നട അടച്ചാൽ ഏഴാം നാൾ ആണ് വീണ്ടും നട തുറക്കുന്നത്. ഐകമത്യ പുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, ശത്രു സംഹാര പുഷ്പാഞ്ജലി, ദേവിയുടെ നടക്കൽ പട്ടും താലിയും വെക്കൽ, ദേവിക്ക് നെൽ പറ, നെയ് വിളക്ക്, ഗുരുതി, അന്നദാനം ഇവയെല്ലാമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. എല്ലാ ചൊവ്വാ, വെള്ളി ദിവസങ്ങളിലും, മാസത്തിലെ അനിഴം നക്ഷത്രത്തിലും ദേവിയുടെ നട തുറന്നു പൂജകൾ നടക്കുന്നു. എല്ലാ പൂജകളും മുൻകൂറായി ബുക്ക് ചെയ്ത ശേഷമാണ് നടത്തി വരുന്നത്. നമ്മുടെ ക്ഷേത്രത്തിലെ പ്രധാന വഴിപാട് ആയ വലിയ ഗുരുതിക്ക് 2027 വരെ ബുക്കിങ്ങ് കഴിഞ്ഞു. ചൊവ്വ, വെള്ളി ദിവസ പൂജകളും മാസത്തിലെ ചില നക്ഷത്രങ്ങളിലെ സ്ഥിരം പൂജകളും വർഷങ്ങൾ ആയി മുൻകൂർ ആയി ബുക്ക് ചെയ്ത ശേഷമാണ് നടത്തിപോരുന്നത്.